ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്നു മാസം നീണ്ട സസ്പെന്‍സാണ് നിതിന്‍ ഗഡ്കരി തന്‍റെ പുതിയ ടീം പ്രഖ്യാപനത്തിലൂടെ പൊളിച്ചത്. യുവത്വത്തിന്‍റെയും പരിചയസമ്പന്നതയുടെയും കൂട്ടായ്മയാണ് ബി ജെ പിയുടെ പുതിയ ടീം.
121 അംഗ ദേശീയ സമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 13 വൈസ് പ്രസിഡന്‍റുമാരും, 10 ജനറല്‍ സെക്രട്ടറിമാരും, 15 സെക്രട്ടറിമാരും ഉള്‍പ്പെടും. കേരളത്തില്‍ നിന്ന് സി കെ പത്മനാഭനും ഒ രാജഗോപാലും ദേശീയ എക്സിക്യൂട്ടീവില്‍ സ്ഥിരാംഗങ്ങളായി തുടരും. എം ടി രമേശാണ് കേരളത്തില്‍ നിന്ന് ദേശീയ എക്സിക്യൂട്ടീവില്‍ പുതുതായി എത്തുന്നത്.
ഹേമമാലിനി, നജ്മ ഹെപ്ത്തുള്ള, വിനയ് കത്യാര്‍, ബി എസ് കോഷിയാരി, കല്‍രാജ് മിശ്ര, മുക്താര്‍ അബ്ബാസ് നഖ്‌വി, ശാന്തകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരില്‍ ഉള്‍പ്പെടുന്നു. രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിംഗ് തോമര്‍, രാം ലാല്‍, ആനന്ദ് കുമാര്‍, തവര്‍ചന്ദ് ഗെലോട്ട്, ജഗത് പ്രകാശ് നദ്ദ, അര്‍ജുന്‍ മുണ്ട, വിജയ് ഗോയല്‍, വസുന്ധര രാജെ സിന്ധ്യ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. പാര്‍ലമെന്‍ററി ബോഡിയുടെ സെക്രട്ടറി സ്ഥാനവും ആനന്ദ് കുമാര്‍ വഹിക്കും.
വരുണ്‍ ഗാന്ധി, സ്മൃതി ഇറാനി, ആര്‍തി മെഹ്‌റ, നവ്‌ജ്യോത് സിംഗ് സിദ്ദു, മുരളീധര്‍ റാവു, സരോജ് പാണ്ഡെ എന്നിവരാണ് സെക്രട്ടറിമാര്‍. കോണ്‍ഗ്രസിന്‍റെ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വരുണ്‍ ഗാന്ധിയെപ്പോലുള്ളവര്‍ നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന നേതൃത്വത്തിന്‍റെ തിരിച്ചറിവാണ് അദ്ദേഹത്തിന്‍റെ സെക്രട്ടറിസ്ഥാനം.
ഷാനവാസ് ഹുസൈന്‍, പ്രകാശ് ജാവ്‌ദേക്കര്‍, തരുണ്‍ വിജയ്, നിര്‍മ്മലാ സീതാറാം, രാജീവ് പ്രതാപ് റൂഡി, രാംനാഥ് കോവില്‍ എന്നിവരാണ് ബി ജെ പിയുടെ പുതിയ വക്താക്കള്‍. മുന്‍ പ്രസിഡന്‍റ് രാജ്‌നാഥ് സിംഗിനെതിരെ കലാപമുയര്‍ത്തിയ വസുന്ധര രാജെ സിന്ധ്യയ്ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതാണ് ഈ പട്ടികയിലെ സര്‍പ്രൈസ്.