ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അഞ്ചു കോടിയുടെ നോട്ടുമാല: മായാവതി വീണ്ടും വിവാദത്തില്‍ (Maya’s garland worth Rs 5 crore?)
Bookmark and Share Feedback Print
 
PRO
ബി എസ് പിയുടെ രജത ജൂബിലി ആഘോഷത്തില്‍ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയെ അണിയിച്ചത് അഞ്ചു കോടിരൂപയുടെ നോട്ടുമാല. ഉത്തര്‍പ്രദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ കോടികള്‍ പൊടിച്ച് മായാവതി നടത്തിയ റാലിയെക്കുറിച്ച് വിമര്‍ശനമുയരുന്നതിനിടെയാണ് നോട്ടുമാലാ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

1000 രുപ നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ കൂറ്റന്‍‌മാലയാണ് ചടങ്ങിനിടെ പ്രവര്‍ത്തകര്‍ മായാവതിയുടെ കഴുത്തിലണിയിച്ചത്. ബി എസ് പിയുടെ കര്‍ണാടക ഘടകമാണ് മാലയണിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ മാലയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ കര്‍ണാടക ഘടകം വിമസമ്മതിച്ചു. നോട്ടുമാല പാര്‍ട്ടി ആസ്ഥാനത്തെ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നാണ് ബി എസ് പിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

രണ്ടാഴ്ചമുമ്പ്‌ സംസ്ഥാനത്തെ പ്രതാപ്ഗഢ്‌ ജില്ലയില്‍ ഒരു ആശ്രമത്തിലെ അന്നദാനചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ 63 പേര്‍ മരിച്ചപ്പോള്‍, ദുരന്തബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പണം നല്‍കണമെന്നും വ്യക്തമാക്കിയ മായാവതിയാണ്‌ കോടികള്‍ ചെലവിട്ട്‌ ഇന്നലെ റാലി നടത്തിയത്‌.

20 ലക്ഷം പേരാണ് റാലിയില്‍ പങ്കെടുത്തത്. 25,000 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയില്‍ 15 പ്രത്യേക പന്തലുകള്‍ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരുന്നു. നഗരഹൃദയമായ നസ്‌റത്ത്‌ ഗഞ്ചില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെയുള്ള സമ്മേളനവേദിവരെ അലങ്കാരങ്ങളുടെ വര്‍ണ്ണപ്പകിട്ടിലായിരുന്നു. എവിടെയും നിറഞ്ഞു നിന്നത് മായാവതിയുടെയും കാന്‍ഷിറാമിന്റെയും കൂറ്റന്‍ ഹോര്‍ഡിംഗുകള്‍. 30,000 പേരാണ്‌ വിശിഷ്‌ടാതിഥികളായി പങ്കെടുത്തത്‌.

ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ 1600 ബസുകള്‍ക്കു പുറമേ 800 സ്വകാര്യ ബസുകളും പ്രവര്‍ത്തകര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിരുന്നു. വിശ്രമകേന്ദ്രങ്ങളും ഭക്ഷണശാലകളും പ്രത്യേകം സജ്ജീകരിച്ചിരുന്നു. സമ്മേളന വേദിക്കരികില്‍ ഒരേസമയം ഏഴായിരം പേര്‍ക്ക്‌ ഭക്ഷണം കഴിക്കാവുന്ന ഭോജനശാല സജ്ജമാക്കിയിരുന്നു. ഇതിനുപുറമേ അനുബന്‌ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആഘോഷങ്ങള്‍ക്കായി 200 കോടി ചെലവഴിച്ചുവെന്നാണ്‌ പ്രതിപക്ഷം ആരോപിക്കുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍