ന്യൂഡല്‍ഹി, വെള്ളി, 12 മാര്‍ച്ച് 2010( 15:43 IST )
സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലെയും വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം പരിഗണന നല്‍കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ്കെ കൌള്‍, എംപി ഗാര്‍ഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാമെന്ന വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ സര്‍വീസിലിരിക്കുന്നതും വിരമിച്ചതുമായ വനിതാ ഓഫീസര്‍മാരാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
സ്ഥിരം കമ്മീഷന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച എല്ലാ വനിതാ ഓഫീസര്‍മാരെയും പുനര്‍നിയമിക്കാനും അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാനും 32 താള്‍ ദൈര്‍ഘ്യമുള്ള വിധിന്യായത്തില്‍ പറയുന്നു. വനിതകളും പുരുഷന്‍മാരും ഒരേ രീതിയിലുള്ള പരിശീലനം പൂര്‍ത്തിയാക്കുന്നതിനാല്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ല എന്നും വിധിയില്‍ പറയുന്നു.
നിലവില്‍, സൈന്യത്തില്‍ 14 വര്‍ഷത്തെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനാണ് വനിതകള്‍ക്ക് നല്‍കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന പുരുഷന്‍മാര്‍ സ്ഥിരം കമ്മീഷന് അര്‍ഹരാണ്.