ന്യൂഡല്‍ഹി, വെള്ളി, 12 മാര്‍ച്ച് 2010( 14:10 IST )
വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് ബഹിഷ്കരിച്ചു. വിലക്കയറ്റത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ട ഇടതുപക്ഷം ഭരണപക്ഷം പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.
ഇടതുപക്ഷത്തിന്റെ ആവശ്യത്തിന് എസ്പി, ആര്‍ജെഡി അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറങ്ങിപ്പോയ എംപിമാര്‍ സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ധര്‍ണ നടക്കുന്നയിടത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷ സഖ്യത്തിലെ നാല് കക്ഷികളും ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രകടനം നടത്തിയിരുന്നു.
ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ കുത്തകകളെ സഹായിക്കാനും ധനികരെ കൂടുതല്‍ ധനികരാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. സാധാരണക്കാരുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന് അവര്‍ക്കു വേണ്ടി നയങ്ങളൊന്നും രൂപീകരിക്കാന്‍ കഴിയാത്തത് വന്‍പരാജയമാണെന്നും ഇടതുകക്ഷികള്‍ ചൂണ്ടിക്കാട്ടി.