ന്യൂഡല്‍ഹി, വ്യാഴം, 11 മാര്‍ച്ച് 2010( 20:03 IST )
PTI
2002ലെ ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമന്‍സ്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ(എസ് ഐ ടി)മാണ് മോഡിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 21ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിനിടെ കൂട്ട നരഹത്യ നടന്ന ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നരേന്ദ്രമോഡിക്ക് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്. 100 പേജ് വരുന്ന ഹര്‍ജിയില്‍ മോഡി ഉള്‍പ്പടെ 62 പേരെയാണ് കുറ്റക്കാരായി പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ മോഡി സര്‍ക്കാരിലെ മന്ത്രിമാരും ഉള്‍പ്പെടുന്നു. 2002 ഫെബ്രുവരി 28നാണ് എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.
നരേന്ദ്രമോഡിക്ക് സമന്‍സ് അയച്ചതായി എസ് ഐ ടി തലവന്‍ ആര്‍ കെ രാഘവന്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. മോഡിയെ ചോദ്യം ചെയ്യുന്നത് ഈ അന്വേഷണത്തിന്‍റെ അവസാന ഘട്ടമാണ്. മോഡിയെ ചോദ്യം ചെയ്തതിന് ശേഷം എസ് ഐ ടി സുപ്രീം കോടതിക്ക് കേസിനെ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.