കൊല്‍ക്കത്ത, വ്യാഴം, 11 മാര്‍ച്ച് 2010( 17:51 IST )
PTI
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് 2008 ല്‍ നടത്തിയ ആക്രമണം അദ്ദേഹത്തെ വധിക്കാനായിരുന്നില്ല എന്ന് അറസ്റ്റിലായ മാവോ നേതാവ് വെങ്കടേശ്വര്‍ റെഡ്ഡി എന്ന തെലുഗു ദീപക്. ചോദ്യം ചെയ്യലിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2008 നവംബര്‍ 2 ന് ആയിരുന്നു ബുദ്ധദേവിന്റെയും കേന്ദ്ര മന്ത്രിമാരായിരുന്ന പാസ്വാന്റെയും ജിതിന്‍ പ്രസാദയുടെയും വാഹനവ്യൂഹത്തിനരികില്‍ മാവോ വിമതര്‍ കുഴിബോംബ് പൊട്ടിച്ചത്. ആക്രമണത്തിലൂടെ പൊലീസ് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെ തിരിയണമെന്നായിരുന്നു വിമതര്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ തെലുഗു ദീപക് വെളിപ്പെടുത്തുന്നത്.
ആക്രമണ പദ്ധതിയിലൂടെ ഉദ്ദേശിച്ച കാര്യം നടന്നു എന്നും പൊലീസ് ഗോത്രവര്‍ഗ്ഗക്കാരുടെ നേര്‍ക്ക് തിരിഞ്ഞത് മാവോയിസ്റ്റുകള്‍ക്ക് പ്രദേശത്ത് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സഹായമായിരുന്നു എന്നും തെലുഗു ദീപക് വെളിപ്പെടുത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലെ സല്‍ബോനിയില്‍ നടന്ന ആക്രമണം സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വഴിത്തിരിവായിരുന്നു എന്നും പിടിയിലായ നേതാവ് പറഞ്ഞു.