രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരനെ കാലാവധി കഴിയും മുമ്പേ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച വിധിപറയും.
നളിനിയുടെ മോചനം സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിധി. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു.
2008 സെപ്തംബര്‍ 24 ന് ആണ് ഉപദേശക സമിതി രൂപീകരിച്ചത്. രാജീവ് വധക്കേസില്‍ 1991 ജൂണ്‍ 14 ന് ആണ് നളിനിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണയ്ക്കൊടുവില്‍ 1998 ജനുവരിയില്‍ നളിനി ഉള്‍പ്പെടെ 25 പേര്‍ക്ക് വധശിക്ഷ നല്‍കാന്‍ കോടതി വിധിച്ചിരുന്നു. 1999 ല്‍ നളിനിക്കും മറ്റ് മൂന്ന് പേര്‍ക്കും വധശിക്ഷ നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി വിധിച്ചു.
എന്നാല്‍, ഇതിനെതിരെ നളിനി നല്‍കിയ ദയാ ഹര്‍ജി പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നളിനിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു.