ന്യൂഡല്‍ഹി, വ്യാഴം, 11 മാര്‍ച്ച് 2010( 12:28 IST )
PRO
വനിതാ ബില്ലിനെ എതിര്‍ക്കുന്നവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാലാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു.
അഭിപ്രായ സമന്വയം ഉണ്ടാവാതെ ലോക്സഭയില്‍ വനിതാബില്‍ അവതരിപ്പിക്കരുത് മുലായം സിംഗ് യാദവും ശരദ് യാദവും ലാലു പ്രസാദ് യാദവും ലോക്സഭയില്‍ പറഞ്ഞു. മുസ്ലീം, ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് എന്നും അതിനാല്‍ അത് കേട്ടില്ലെന്ന് നടിക്കുന്നത് സഭയ്ക്ക് ചേര്‍ന്നതല്ല എന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.
പിന്നീട് സംസാരിച്ച പ്രണാബ് മുഖര്‍ജി സഭയില്‍ ബില്ല് പരിഗണിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. പ്രധാന നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തരുത് എന്നും പ്രണാബ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, എസ്പി, ആര്‍ജെഡി, ജനതാദള്‍ (എസ്) അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതോടെ സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീട് 12 മണിക്ക് സഭ ചേര്‍ന്നപ്പോഴും ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചതിനാല്‍ സഭ 2 മണിവരെ നിര്‍ത്തിവച്ചു.
സഭാനടപടികള്‍ തടസപ്പെടുത്തിയതിന് സസ്പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയാണ് രാജ്യസഭയില്‍ബഹളമുണ്ടായത്. എംപിമാര്‍ക്ക് വേണ്ടി താന്‍ മാപ്പുചോദിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ബിജെപി നിലപാടിനെ സീതാറാം യച്ചൂരിയും പിന്താങ്ങി. എന്നാല്‍, എംപിമാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞതോടെ സഭയില്‍ ബഹളം ആരംഭിച്ചു. സഭാനടപടികള്‍ തുടരാനാവാത്തതിനെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവച്ചു.