ന്യൂഡല്‍ഹി, വ്യാഴം, 11 മാര്‍ച്ച് 2010( 09:10 IST )
PRO
PRO
റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. റഷ്യയും ഇന്ത്യയും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലുള്ള സഹകരണം ഉറപ്പാക്കുകയാണ് സന്ദര്‍ശന ലക്‍ഷ്യം.
ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയായിരിക്കും റഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന ലക്‍ഷ്യം. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങാനിരിക്കുന്ന യുദ്ധക്കപ്പല്‍, അഡ്മിറല്‍ ഗോരസ്കോവിന്റെ വില സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്.
ഇന്തോ-യുഎസ് ബന്ധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. അതിനാല്‍, പ്രതിരോധ, ഊര്‍ജ്ജ മേഖലയില്‍ ഏറ്റവും കൂടിയ തുകയ്ക്കുള്ള കരാറുകള്‍ സ്വന്തമാക്കാനായിരിക്കും റഷ്യന്‍ ശ്രമം.
മിഗ്-29 വിമാനങ്ങളുടെ വില്‍പ്പന, കൂടംകുളം ഉള്‍പ്പെടെ ഊര്‍ജ്ജ മേഖലയിലെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചുള്ള കരാറുകളെ കുറിച്ച് പുടിന്റെ സന്ദര്‍ശനവേളയില്‍ അന്തിമ തീരുമാനമായേക്കും.
അഞ്ചാം തവണയാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് എങ്കിലും പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.