ഗാസിയാബാദ്, ബുധന്‍, 10 മാര്‍ച്ച് 2010( 16:15 IST )
PTI
ഭീകരതയും തീവ്രവാദവും വ്യാപിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സന്തുലനാവസ്ഥ തകരാറിലാക്കാനാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. ബുധനാഴ്ച സിഐഎസ്‌എഫ് ദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ അതിര്‍ത്തികളില്‍ വിരുദ്ധ ശക്തികള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെ അസന്തുലിതമാക്കാനും ശ്രമം നടത്തുന്നു. ഭീകരതയും തീവ്രവാദവും വ്യാപിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയെ തടയാനാണ്, ചിദംബരം പറഞ്ഞു.
1980 മുതല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചലനമുള്ള ഒരു സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദശകത്തില്‍ നല്ല വളര്‍ച്ച കാഴ്ചവച്ച നമ്മുടെ സമ്പദ് വ്യവസ്ഥ രണ്ടക്ക വളര്‍ച്ചയുടെ പടിവാതില്‍ക്കലാണെന്നും ചിദംബരം പറഞ്ഞു.
ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന സിഐഎസ്‌എഫ് രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സിഐഎസ്‌എഫ് സംരക്ഷണം മുന്‍ഗണനാ ക്രമത്തില്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.