ന്യൂഡല്‍ഹി, ബുധന്‍, 10 ഫെബ്രുവരി 2010( 09:32 IST )
PRO
എന്‍ആര്‍ഐ ഹോട്ടല്‍ വ്യവസായി സന്ത് സിംഗ് ചത്‌വാളിന് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വയാലാര്‍ രവിയുടെ ശുപാര്‍ശയെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും പിന്തുണച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ചത്‌വാളിന് പദ്മഭൂഷണ്‍ നല്‍കുന്നതില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് താല്പര്യമില്ല എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് വയലാര്‍ രവിയാണ് അവാര്‍ഡ് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് ചത്‌വാളിന് പദ്മഭൂഷണ്‍ നല്‍കിയത് എന്നായിരുന്നു സൂചന.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ ചത്‌വാളിന്റെ ഹോട്ടലുകളുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇതോടെ, നായര്‍ക്ക് സ്ഥാനമാറ്റം ഉണ്ടാവും എന്ന സൂചനയും ശക്തമായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒമ്പത് ദശലക്ഷം യുഎസ് ഡോളര്‍ നല്‍കാനുണ്ടെന്നതാണ് ചത്‌വാളിനെതിരെയുള്ള കേസ്. നാല് ബാങ്ക് തട്ടിപ്പ് കേസുകളില്‍ ഒരെണ്ണത്തില്‍ ഇയാളെ വെറുതെ വിട്ടു. 2011 ഓടെ തന്റെ ഹാംപ്ഷെയര്‍ ഹോട്ടല്‍ ശൃംഖല ഇന്ത്യയില്‍ 25 ഹോട്ടലുകള്‍ നിര്‍മ്മിക്കുമെന്ന് ചത്‌വാള്‍ പ്രസ്താവന നടത്തിയിരുന്നു.