‘മൈ നെയിം ഈസ് ഖാന്‍’ 12ന് റിലീസ് ചെയ്യാനിരിക്കെ ഷാരുഖ് ഖാനെതിരെയുള്ള നീക്കങ്ങള്‍ ശിവസേന ശക്തമാക്കുന്നു. മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന രണ്ട് തിയേറ്ററുകളില്‍ ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
മുലുന്ദിലെ മേഹുള്‍ തിയേറ്ററിലും ഗാഘ്കോപ്പറിലെ ശ്രേയാസ് തിയേറ്ററിലുമാണ് സേനയുടെ ആക്രമണം നടന്നത്. മൈ നെയിം ഈസ് ഖാന്‍ സുരക്ഷിതമായി പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് സംവിധായകന്‍ കരണ്‍ ജോഹറിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡി ശിവാനന്ദ് ചൊവ്വാഴ്ച രാവിലെ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് സേനാ പ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ ആക്രമിച്ചത്.
മേഹുള്‍ തിയേറ്ററിന്‍റെ ബുക്കിംഗ് വിന്‍ഡോകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.