നക്സലുകളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. നക്സല്‍ ഭീഷണി ചെറുക്കാനുള്ള നടപടികള്‍ ആലോചിക്കാനായി ചേര്‍ന്ന നക്സല്‍ ബാധിത സംസ്ഥാനങ്ങളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിദംബരം.
അക്രമത്തിന്‍റെ പാത ഉപേക്ഷിക്കുകയും പ്രശ്നങ്ങള്‍ സൌഹാര്‍ദ്ദപരമായി അവസാനിപ്പിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ നക്സലുകളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്ന് ചിദംബരം അറിയിച്ചു.
“അക്രമം നിര്‍ത്തുക. അതുമാത്രമാണ് നക്സലുകളോട് ആവശ്യപ്പെടുന്നത്. അങ്ങനെയുണ്ടായാല്‍ നക്സലുകളോട് എന്തു വിഷയത്തിലും ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്.” - ചിദംബരം അറിയിച്ചു.
പശ്ചിമബംഗാള്‍, ഒറീസ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.