ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും സൌഹാര്‍ദ്ദപരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നത് എന്ന് കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍. വെള്ളിയാഴ്ച അറുപത്തി രണ്ടാമത് സൈനിക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍ രാജ്യങ്ങളുമായി സൌഹാര്‍ദ്ദപരവും സമാധാനപരവുമായ ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. ചൈനയുമായി സമാധാനപരമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാനുമായും സമാധാനവും സൌഹാര്‍ദ്ദവും നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, കപൂര്‍ പറഞ്ഞു.
സുരക്ഷാ സൈനികരുടെ പരിശ്രമഫലമായി ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമായി. സെന്യം ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടരുമെന്നും സൈനിക മേധാവി പരേഡ് സ്വീകരിച്ച ശേഷം പറഞ്ഞു.
ഇത് ഉഭയകക്ഷി ബന്ധങ്ങളുടെയും ബഹുമുഖ സഹകരണങ്ങളുടെയും കാലമാണെന്ന് ചൂണ്ടിക്കാട്ടിയ ദീപക് കപൂര്‍ ഇന്ത്യ മറ്റ് രാജ്യങ്ങളോടൊപ്പം സംയുക്ത സൈനികാഭ്യാസം നടത്തി ഇത്തരം ബന്ധം ശക്തമാക്കുമെന്നും പറഞ്ഞു. ഇത് പരസ്പരധാരണ ശക്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.