ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ഒരു സന്ദര്‍ശനത്തിന് ശേഷം അറുപത് ദിവസത്തിനുള്ളില്‍ വീണ്ടും വിസ അനുവദിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം വ്യക്തമാക്കി. ഈ തീരുമാനത്തിനെതിരെ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. തരൂരിനുള്ള മറുപടിയായിട്ടാണ് ചിദംബരത്തിന്‍റെ വിശദീകരണം.
ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വിസ നിയമത്തിലെ പഴുത് മുതലെടുത്ത് ഇന്ത്യയില്‍ തങ്ങിയ സംഭവത്തെ തുടര്‍ന്നാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ ഒരു സന്ദര്‍ശനത്തിന് ശേഷം രാജ്യം വിട്ടാല്‍ അറുപത് ദിവസത്തിന് ശേഷമേ വീണ്ടും വിസ നല്‍കൂ എന്നായിരുന്നു ആഭ്യന്തരവകുപ്പ് അവതരിപ്പിച്ച ഭേദഗതി. നവംബര്‍ നാലിനാണ് ആഭ്യന്തരവകുപ്പ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൊണ്ടുവന്നത്.
നവംബറില്‍ മുംബൈ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കാര്‍ക്കും വിസ ഇല്ലായിരുന്നുവെന്ന വാദം ചൂണ്ടിക്കാട്ടിയാണ് തരൂര്‍ ഈ നിയന്ത്രണത്തെ ട്വിറ്ററിലൂടെ പരിഹസിച്ചത്. പ്രശ്നം സുരക്ഷയും വിനോദ സഞ്ചാരവും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും വിസ നിയന്ത്രണങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെങ്കില്‍ മുംബൈ ആക്രമണകാരികള്‍ വിസ ഇല്ലാതെയാണ് രാജ്യത്തെത്തിയതെന്നും ആയിരുന്നു തരൂരിന്‍റെ പരാമര്‍ശം. ഇതിനെതിരെ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്ണ രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.
പ്രത്യേക സാഹചര്യങ്ങളില്‍ ഈ നിയമത്തിന് ഇളവനുവദിക്കാന്‍ വകുപ്പുണ്ടെന്ന് ചിദംബരം വ്യക്തമാക്കി. വിനോദസഞ്ചാരി സന്ദര്‍ശനവേളയില്‍ അയല്‍ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കുന്ന സാഹചര്യമാണെങ്കില്‍ വിസ നീട്ടി നല്‍കാം. എന്നാല്‍ ഇക്കാര്യം തെളിവോടു കൂടി അധികൃതരെ ബോധിപ്പിക്കേണ്ടിവരും. എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ച് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ചുരുക്കമാണെന്നും ചിദംബരം പറഞ്ഞു.