കിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നു രാവിലെ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. സ്കൂള്‍ കുട്ടികളായിരുന്നു ബസിലെ യാത്രക്കാര്‍. കുട്ടികള്‍ എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റു.
രാവിലെ എട്ടുമണിക്ക് ന്യൂ അശോക് നഗറിലാണ് സംഭവം. എവര്‍ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ എന്തോ പൊട്ടിത്തെറിക്കുന്നതു പോലെ ഒരു ശബ്ദം കേട്ടെന്നും തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയങ്ക ഗുലാത്തി അറിയിച്ചു.
“വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു അധ്യാപകനും ബസില്‍ ഉണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ സുരക്ഷിതരായി ബസിന് പുറത്തെത്തിച്ചു. ഒരു കുട്ടിക്കും പരുക്കേറ്റില്ല” - പ്രിയങ്ക ഗുലാത്തി പറഞ്ഞു. പരുക്കേറ്റ ഡ്രൈവറെയും കണ്ടക്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല.