അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചു കയറുന്നത് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിലക്കയറ്റം തടയുന്നതിന് പകരം തെറ്റായ നയങ്ങള്‍ തുടരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കാരാട്ട് കുറ്റപ്പെടുത്തി.
ഇടതുപാര്‍ട്ടികള്‍ നടത്തിയ റാലിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. സര്‍ക്കാരിന്‍റെ കഴിവുകേടു മൂലമാണ് വില കുതിച്ചു കയറുന്നതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.
“വിലക്കയറ്റം തടയാന്‍ പല വഴികള്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. പെട്രോളിയം നികുതിയുടെ കാര്യത്തില്‍ യുക്തിയോടെ നടപടികളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശിച്ചിരുന്നു. ഞങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് ജനങ്ങള്‍ക്ക് ആശ്വാസകരമാകുമായിരുന്നു” - കാരാട്ട് പറഞ്ഞു.