രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ ആമിര്‍ കസബിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 31 കോടി. പ്രതിദിനം 85 ലക്ഷം രൂപവീതം 31 കോടി രൂപ ഇതുവരെ പാകിസ്ഥാനില്‍ നിന്നുള്ള 21കാരനായ തീവ്രവാദിയുടെ സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ആര്‍തര്‍ ജയിലിലെ പ്രത്യേക തടവുമുറിയിലാണ് കസബിനെ പാര്‍പ്പിച്ചിട്ടുള്ളത്. ഈ പ്രത്യേക സെല്ലുകളുടെ നിര്‍മ്മാണച്ചെലവും ഇതില്‍ ഉള്‍പ്പെടും. ട്രക്ക് ബോംബ് ഉപയോഗിച്ചാല്‍ പോലും തകരാത്ത വിധമാണ് സെല്‍ നിര്‍മ്മിച്ചിട്ടുള്ളത്. കസബിന്‍റെ ഭക്ഷണച്ചെലവും വിചാരണയ്ക്കായുള്ള ചെലവും എല്ലാം സര്‍ക്കാര്‍ കണക്കില്‍പ്പെടും.
കഴിഞ്ഞ വര്‍ഷം മെയിലാണ് കസബിന്‍റെ വിചാരണ ആര്‍തര്‍ ജയിലില്‍ ആരംഭിച്ചത്. ജയിനകത്ത് പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയിലാണ് വിചാരണ. വിചാരണ പൂര്‍ത്തിയാകാന്‍ ഇനിയും മൂന്ന് മാസമെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം കഴിഞ്ഞ ദിവസം പറഞ്ഞത്. ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കസബിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
കസബിനെ ചികിത്സിക്കാനായി ജെജെ ആശുപത്രിയില്‍ ഒരു സെല്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രുപയോളം ആശുപത്രിയില്‍ സെല്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്. എന്നാല്‍, ഇതുവരെ കസബിനെ ആശുപത്രിയിലെ സെല്ലില്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടില്ല. ആവശ്യം വന്നപ്പോഴൊക്കെ ഡോക്ടര്‍മാരെ ആര്‍തര്‍ റോഡിലെ ജയിലിലേക്ക് വരുത്തി ചികിത്സ നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പരുക്കേറ്റ നിലയിലായിരുന്നു കസബ്.
ആര്‍തര്‍ ജയിലില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചതിലും സര്‍ക്കാരിന് ഭാരിച്ച ചെലവ് ഉണ്ടായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും കസബിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനും മഹാരാഷ്ട്ര സര്‍ക്കാരാണ് പണം നല്‍കുന്നത്. എത്രരൂപ ചെലവായാലും രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിലെ പ്രതിയെ ശിക്ഷിക്കുന്നതുവരെ വിചാരണ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.