ഓടുന്ന ട്രെയിനില്‍ ജനിച്ച കുഞ്ഞിന് പേര് ‘ലാലു പ്രസാദ്’. ബീഹാറിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് ജന്‍മം നല്‍കിയ കുഞ്ഞിനാണ് മുന്‍ മുഖ്യമന്ത്രിയും റയില്‍ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന്‍റെ പേര് നല്‍കി മാതാവ് സായൂജ്യമടഞ്ഞത്.
ദസരി റയില്‍വെസ്റ്റേഷനില്‍ വച്ചാണ് ഓടിക്കൊണ്ടിരുന്ന ലോഹിത് എക്സ്പ്രസില്‍ ഗായത്രി ദേവി എന്ന ഇരുപതുകാരി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. “ഞാന്‍ കുഞ്ഞിന് ലാലു പ്രസാദ് എന്ന് പേരു നല്‍കി. അവന്‍ വളരുമ്പോള്‍ അദ്ദേഹത്തെപ്പോലെയാകട്ടെ. ലാലുവിന്‍റെ സ്റ്റൈലും സംസാരവും എനിക്ക് ഇഷ്ടമാണ്” - ഗായത്രീദേവി പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചിലാണ് ഗായത്രീദേവി പ്രസവിച്ചത്. സഹയാത്രികര്‍ ഗായത്രിക്ക് ഇതിനു വേണ്ട സൌകര്യവും സഹായങ്ങളും ചെയ്തുകൊടുത്തു. ഒരു സ്വകാര്യ ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭര്‍ത്താവ് ജോലി ചെയ്യുന്ന പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് ഗായത്രി ദേവി ട്രെയിനില്‍ കയറിയത്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ ലോക്സഭാ മണ്ഡലമായ സരണ്‍ ജില്ലയിലാണ് ഗായത്രി താമസിക്കുന്നത്.