ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള സംസ്ഥാനമായതിനാല്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
26 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് മുതല്‍ മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. 34 വനിതകള്‍ ഉള്‍പ്പെടെ 470 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ജെഎംഎം സ്ഥാനാര്‍ത്ഥികളായ ഹേംലാല്‍ മര്‍മു, സുരാജ് മണ്ഡല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഫര്‍കന്‍ അന്‍സാരി, മുന്‍ സ്പീക്കര്‍ അലംജിര്‍ ആലം, ബിജെപി സ്ഥനാര്‍ത്ഥികളായ രഘുവര്‍ ദാസ്, സരയു റോയ്, മുന്‍ മന്ത്രി പ്രദീപ് യാദവ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
ചൂടേറിയ പ്രചാരണത്തിനാണ് ആദ്യ ഘട്ടം സാക്‍ഷ്യം വഹിച്ചത്. മധു കോഡയുടെ ഹവാല ഇടപാടുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരിയും ഗോതമ്പും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ നല്‍കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു. കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.