അയോധ്യയില്‍ ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വെച്ച ലിബറാന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ബി ജെ പി - സംഘപരിവാര്‍ ശക്‌തികളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ളതാണ് ഇന്ന് ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി പി ചിദംബരം വെച്ച റിപ്പോര്‍ട്ട്. സംഘപരിവാര്‍ ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ തിരക്കഥ അദ്വാനിക്കും വാജ്‌പേയിക്കും അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി ജെ പിയുടെയും, ആര്‍ എസ് എസിന്‍റെയും ഉന്നതനേതാക്കളാണ് സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദികള്‍. സംഭവം ഒഴിവാക്കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ആര്‍ എസ് എസ് മുന്‍ അധ്യക്ഷന്‍ സുദര്‍ശന്‍, ഉമ ഭാരതി, ഗോവിന്ദാചാര്യ, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, എസ് എസ് വഗേല എന്നീ തീവ്രപക്ഷക്കാരിലാണെന്നാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് എല്‍ കെ അഡ്വാനി, വാജ്പേയി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മിതവാദികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. കോടതിക്കും രാജ്യത്തിനും ജനങ്ങള്‍ക്കും തെറ്റായ ഉറപ്പാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.