ചൈനയ്ക്ക് ഏതാനും കാര്യങ്ങളില്‍ പിടിവാശിയുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് ചൈന പല കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈന ഈയിടെ സ്വീകരിച്ച പ്രകോപനപരമായ നിലപാടുകളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് ചൈന വളര്‍ച്ച നേടിയതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളും വിവിധ സംസ്കാരങ്ങളുടെ അവകാശങ്ങളേയും ചൈന അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനയുടെ ഭാഗത്ത് നിന്ന് പിടിവാശികളുണ്ട്. ഇതിന്‍റെ കാരണങ്ങളെന്താണെന്ന് പൂര്‍ണമായി മനസിലാക്കിയിട്ടില്ല - പ്രധാനമന്ത്രി പറഞ്ഞു. വിദേശ ബന്ധങ്ങള്‍ക്കായുള്ള യുഎസ് കൌണ്‍സിലിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കിലും കശ്മീര്‍ വിഷയത്തില്‍ ചൈന സ്വീകരിച്ച നിലപാടുകള്‍ക്കെതിരേയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്ന് വ്യക്തമാണ്.
ജമ്മു - കശ്മീരിലെ പൌരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ ചൈന പ്രകോപനപരമായ നടപടിയാണ് സ്വീകരിച്ച്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെ ചൈന വിമര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യാ-പാക് പ്രശ്നത്തില്‍ ഇടപെടുമെന്ന ചൈന-അമേരിക്ക സംയുക്ത പ്രസ്താവനയും പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്.
ഇന്ത്യ ചൈനയുടെ മാതൃകയിലുള്ള ജനാധിപത്യ വിരുദ്ധ പാത പിന്തുടരില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍, ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയേക്കാള്‍ കൂടുതലാണെന്ന് മന്‍മോഹന്‍ സിംഗ് സമ്മതിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്കാണ് ഇന്ത്യ വിലകല്‍പ്പിക്കുന്നതെന്നാണ് ഇതിന് ന്യായീകരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.