ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 12:40 IST )
PRO
PRO
ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് ലിബറാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു മാധ്യമത്തിലൂടെ പുറത്തുവന്നത് പാലമെന്റിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അദ്വാനി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ താന്‍ അനുകൂലിക്കുന്നു. റിപ്പോര്‍ട്ടില്‍ താന്‍ കുറ്റക്കാരനെന്ന് പറഞ്ഞതിനെ നേരിടാന്‍ തയ്യാറാണ്. എന്നാല്‍, അടല്‍ബിഹാരി വാജ്പേയി കുറ്റക്കാരനാണെന്ന് പറഞ്ഞത് ഞെട്ടല്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ അദ്വാനി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് ചോര്‍ത്തിക്കൊടുത്തവരെ വെളിച്ചത്തു കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു.
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒറ്റ പ്രതി മാത്രമാണ് സര്‍ക്കാരിന്റെ പക്കലല്‍ ഉള്ളത്. അത് സുരക്ഷിതമാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ആരും ഇതെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല എന്നും ആഭ്യന്തരമന്ത്രി പി ചിദംബരം സഭയെ ധരിപ്പിച്ചു. ശീതകാല സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നും ചിദംബരം ഉറപ്പ് നല്‍കിയെങ്കിലും അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ബഹളം തുടര്‍ന്നു.
ലിബറാന്‍ റിപ്പോര്‍ട്ട് ഇന്നു തന്നെ മേശപ്പുറത്ത് വയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്പി അംഗങ്ങളും മുന്നോട്ട് വന്നപ്പോള്‍ സഭയില്‍ ബഹളം നിയന്ത്രണാതീതമാവുകയും സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവച്ചു.
വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ കുറ്റക്കാരാണെന്ന് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണ് സഭയില്‍ ബഹളത്തിനു കാരണമായത്.