മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ ശിവസേന വീണ്ടും രംഗത്ത്. സച്ചിന്‍ മഹാനായ ക്രിക്കറ്റ് താരമായിരിക്കാം എന്നാല്‍ മഹാരാഷ്ട്രയെക്കാള്‍ വലുതല്ല എന്ന് ശിവസേന നേതാവ് സഞ്ജയ് റൌത് അഭിപ്രായപ്പെട്ടു.
സച്ചിന്‍ ക്രിക്കറ്റില്‍ വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും മഹാരാഷ്ട്രയെക്കാള്‍ വലുതല്ല. സച്ചിന്‍ ഒരു യഥാര്‍ത്ഥ മഹാരാഷ്ട്രീയനല്ല എന്നും സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്നും ശിവസേനയുടെ മുഖപത്രമായ “സാമ്ന”യില്‍ റൌതിന്റെ പേരില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
അതേസമയം, ശിവസേന മുംബൈക്ക് വേണ്ടി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും റൌത് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ എല്ലാവര്‍ക്കുമുള്ളതാണെന്നും താന്‍ ഒരു ആദ്യമായി ഒരു ഇന്ത്യക്കാരനാണെന്നും മറാത്തക്കാരനാണെന്നത് രണ്ടാമത്തെ കാര്യമാണ് എന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടതാണ് മറാത്തവാദികളുടെ കണ്ണിലെ കരടായത്.
സച്ചിന്റെ പ്രസ്താവന അനാവശ്യമാണെന്നും അദ്ദേഹം രാഷ്ട്രീയത്തിന്റെ ക്രീസില്‍ ഇറങ്ങി ബാറ്റ് ചെയ്യുന്നത് മഹാരാഷ്ട്രക്കാരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു എന്നും ശിവസേന തലവന്‍ ബാല്‍ താക്കറെ സാമ്നയുടെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് റൌതിന്റെ ലേഖനവും വന്നിരിക്കുന്നത്.