മുംബൈയില്‍ ആക്രമണം നടത്തിയ ലഷ്കര്‍ ഭീകരര്‍ക്കെതിരെ നടന്ന 60 മണിക്കൂര്‍ നീണ്ട നടപടികള്‍ ശരിയായ രഹസ്യാന്വേഷണ വിവരവും പ്രത്യേക തരം ഉപകരണങ്ങളും ഉണ്ടായിരുന്നു എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് വിരമിച്ച എന്‍എസ്ജി തലവന്‍ ജെ കെ ദത്ത്.
ടാജിലും ട്രൈഡന്റിലും നരിമാന്‍ ഹൌസിലും ആക്രമണം നടത്തിയ ഭീകരര്‍ നല്ല ശാരീരിക ക്ഷമതയുള്ളവരായിരുന്നു. അവര്‍ക്ക് ആക്രമണ ലക്‍ഷ്യങ്ങള്‍ ശരിക്കും പരിചിതമായിരുന്നു എന്നും എന്‍എസ്ജി തലവന്‍ പറഞ്ഞു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെ നേതൃത്വം നല്‍കിയിരുന്ന എടിഎസ് ആ സമയത്ത് പരിചയ സമ്പത്ത് കുറഞ്ഞ സംഘമായിരുന്നു എന്നും പൊലീസിന് മുംബൈയിലെ അധോലോക സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പാണോ ഭീകരാക്രമണമാണോ അരങ്ങേറുന്നത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നും ദത്ത് പറഞ്ഞു.
ഭീകരര്‍ക്കെതിരെയുള്ള കമാന്‍ഡോ നടപടികള്‍ നയിച്ച ദത്ത് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിരമിച്ചത്. മൂന്ന് ദിവസം നീണ്ട നടപടികളുടെ അവസാനം വരെ ആക്രമണ കേന്ദ്രങ്ങളില്‍ എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്നതിനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നില്ല എന്നും ദത്ത് വെളിപ്പെടുത്തുന്നു.