മുംബൈയിലെ പതിനഞ്ച് കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. നവംബര്‍ 12 ന് ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് കത്ത് ലഭിച്ചതെന്നാണ് ലഭ്യമായ വിവരം.
ചര്‍ച്ച് ഗേറ്റ്, സിഎസ്ടി, ദാദര്‍ എന്നീ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 15 കേന്ദ്രങ്ങളില്‍ നവംബര്‍ 14 നും 28 നും ഇടയില്‍ സ്ഫോടനം നടത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് സാധാരണ പോസ്റ്റില്‍ എത്തിയിരിക്കുന്ന കത്ത് ഒഴുക്കില്ലാത്ത ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്.
ഹോട്ടല്‍ താജ്, മന്ത്രാലയ, ബോംബെ ഓഹരി വിപണി, രാജ്ഭവന്‍ എന്നിവയും ആക്രമണ ലക്‍ഷ്യങ്ങളാണെന്ന് കത്തില്‍ പറയുന്നുണ്ട്. കത്ത് ലഭിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ അത് റയില്‍വെ പൊലീസിനും അവര്‍ അത് എടിഎസിനും കൈമാറി.
ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ അവകാശികളില്ലാത്ത വസ്തുക്കളില്‍ സ്പര്‍ശിക്കരുത് എന്നും അങ്ങനെയുള്ള അവസരങ്ങളില്‍ പട്രോളിംഗ് നടത്തുന്നവരെ വിവരം അറിയിക്കണമെന്നും റയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.