ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ജെസീക്ക ലാല്‍: ഡല്‍ഹി സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം (HC pulls up Delhi govt. for giving preference to convicts with ‘high connections’)
Feedback Print Bookmark and Share
 
ജെസീക്ക ലാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട മുഖ്യപ്രതി മനു ശര്‍മ്മയെന്ന സിദ്ധാര്‍ത്ഥ വസിഷ്ഠിന് ഉന്നത ബന്ധങ്ങളുടെ പേരില്‍ പരോള്‍ അനുവദിച്ചതിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ മകനായ മനു ശര്‍മയുടെ ഉന്നത ബന്ധങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് പരോള്‍ അനുവദിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

സാധാരണ പരോള്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മൂന്നു മുതല്‍ ആറുമാ‍സം വരെ സമയമെടുക്കുമ്പോള്‍ മനു ശര്‍മയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ 20 ദിവസത്തിനകം തീരുമാനമെടുത്തുവെന്നും കോടതി കണ്ടെത്തി. ഉന്നത ബന്ധങ്ങളുടെ പേരില്‍ ചില പ്രതികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉയര്‍ന്ന പരിഗണന നല്‍കുകയായിരുന്നുവെന്ന് ജസ്റ്റിസ് കൈലാശ് ഗംഭീര്‍ പറഞ്ഞു.

കൊണാട്ട് പ്ലേസ് വെടിവയ്പ്പ് കേസിലെ പ്രതിയുടെ പരോള്‍ അപേക്ഷ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. പരോള്‍ അനുവദികുന്നതിന് ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് കോടതിയിലെത്തി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന് ഇതുവരെ ലഭിച്ച പരോള്‍ അപേക്ഷകളുടെ പട്ടിക ഹൈക്കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അമ്മയുടെ അസുഖത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നാണ് മനു ശര്‍മയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ഒരു നൈറ്റ് ക്ലബ്ബില്‍ കണ്ടെത്തിയത് വിവാദമായിരുന്നു. നവംബര്‍ 10നാണ് മനു ശര്‍മ തിരികെ ജയിലിലെത്തിയത്.

1999ല്‍ സൌത്ത് ഡല്‍ഹിയില്‍ ഒരു റസ്റ്റോറന്‍റില്‍ വച്ച് ജസീക്ക ലാല്‍ എന്ന മോഡലിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് മനുവിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍