അബു അസ്മി ഒരുങ്ങുകയാണ്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയെ നേരിടാന്‍ ഉറച്ചുതന്നെയാണ് അസ്മി. മറാത്തി ഭാഷ ഉപയോഗിച്ചില്ല എന്നതിന് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ എം എന്‍ എസ് എം എല്‍ എമാരാല്‍ അക്രമിക്കപ്പെട്ട സമാജ്‌വാദി നേതാവ് അബു അസ്മി ഇപ്പോള്‍ മറാത്തി പഠിക്കുന്നതിന്‍റെ തിരക്കിലാണ്.
രാജ് താക്കറെയുമായി അടുത്ത വര്‍ഷം മറാത്തിയില്‍ ഒരു ടി വി സംവാദം നടത്തുകയാണ് അസ്മിയുടെ ലക്‍ഷ്യം. ഇതിനായി ഒരു അധ്യാപകനെ വരുത്തിയാണ് അസ്മി മറാത്തി പഠിച്ചുകൊണ്ടിരിക്കുന്നത്.
“ഞാന്‍ അഞ്ചുവര്‍ഷം മുമ്പുതന്നെ മറാത്തി പഠിക്കാനായി ഒരു അധ്യാപകനെ ഏര്‍പ്പെടുത്തിയതാണ്. എന്നാല്‍ ഞാന്‍ പാര്‍ലമെന്‍റിലെത്തിയതോടെ മറാത്തിയുടെ ആവശ്യം വേണ്ടിവന്നില്ല. എന്നാല്‍ സംസ്ഥാന നിയമസഭയിലെത്തിയതോടെ മറാത്തി പഠിക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കി. ഇപ്പോള്‍ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ മറാത്തി പഠനത്തിനായി ഉപയോഗിക്കുന്നു.” - അസ്മി പറഞ്ഞു.
അടുത്ത വര്‍ഷം രാജ് താക്കറെയുമായി മറാത്തി ഭാഷയില്‍ ഒരു ടി വി സംവാദത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അസ്മി അറിയിച്ചു.