കരിമ്പു വിലയും കര്‍ഷകരുടെ പ്രശ്നങ്ങളും തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റിനെ സ്തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചു.
ലോക്സഭ യോഗം ചേര്‍ന്ന ഉടന്‍ തന്നെ ബിജെപിയുടെ വരുണ്‍ ഗാന്ധിയുടെയും ആര്‍എല്‍ഡിയുടെ ജയന്ത് സിംഗിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ സ്പീക്കറുടെ സീറ്റിനടുത്തെത്തി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. എസ്പിയും ബിഎസ്പിയും അവര്‍ക്കൊപ്പം ചേര്‍ന്നില്ല എങ്കിലും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നല്‍കി. മന്ത്രിമാര്‍ക്ക് മറുപടി പറയാന്‍ അവസരം നല്‍കാതെ പ്രതിഷേധക്കാര്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.
വീണ്ടും സമ്മേളിച്ചു എങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹളം തുടര്‍ന്നതോടെ സഭ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
സമാനമായ രംഗങ്ങളായിരുന്നു രാജ്യസഭയിലും. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എസ്പി എം പിമാര്‍ കര്‍ഷക പ്രശ്നവും കരിമ്പു വിലയുടെ പ്രശ്നവും ഉന്നയിച്ച് ബഹളം തുടങ്ങി. മറ്റുകക്ഷികളും ഒപ്പം ചേര്‍ന്നതോടെ സഭ 12 മണിവരെ നിര്‍ത്തി വച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നപ്പോള്‍ സഭ തിങ്കളാഴ്ച വരെ പിരിയുന്നതായി അധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രഖ്യാപിച്ചു.