ഗോവ ഫിലിം ഫെസ്റ്റിവലിന് ലഷ്കര്‍ ആക്രമണ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രവി നായിക് നിഷേധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ലഷ്കര്‍ ആക്രമണ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
നവംബര്‍ 23 മുതല്‍ 11 ദിവസത്തേക്ക് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനും ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക ഉത്സവ സീസണിലും ലഷ്കര്‍ ആക്രമണം നടന്നേക്കാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് രവി നായിക് പറഞ്ഞു.
ഫിലിം ഫെസ്റ്റിവലിന്റെ വേദിയിക്ക് ത്രിതല സുരക്ഷ നല്‍കുമെന്നും ഏത് ആക്രമണത്തെയും നേരിടാനായി അര്‍ദ്ധ സൈനിക വിഭാഗവും, ദ്രുത പ്രതികരണ സേനാ വിഭാഗവും തയ്യാറായി നില്‍ക്കുമെന്നും കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.