ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ എഫ്ബിഐ പിടികൂടിയ അമേരിക്കന്‍ പൌരന്‍ ഡേവിഡ് ഹെഡ്‌ലിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള. അന്വേഷണ പരിധിയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെ മകന്‍ രാഹുല്‍ ഭട്ട് അടക്കമുള്ളവര്‍ക്ക് ഹെഡ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജികെ പിള്ള പറഞ്ഞു. മുംബൈ ആക്രമണത്തിന് മുന്‍പാണ് ഹെഡ്‌ലിയും തഹാവൂര്‍ ഹുസൈന്‍ റാണയും ഇന്ത്യ സന്ദര്‍ശിച്ചത്. അതുകൊണ്ടാകാം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടാതിരുന്നതെന്നും ജികെ പിള്ള പറഞ്ഞു.
ഹെഡ്‌ലിക്ക് വേണ്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഇന്നലെ മുംബൈയിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു. മുംബൈയില്‍ ഹെഡ്‌ലി താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.