രാജ്യത്ത് ഭീകര നിക്ഷേപം വര്‍ദ്ധിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബാങ്കുകള്‍ സംശയമുള്ളവര്‍ക്ക് അക്കൌണ്ടുകള്‍ നല്‍കരുത് എന്നും ദുരൂഹമായ പണമിടപാടുകള്‍ നടത്തരുത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രാദേശിക വിഭാഗങ്ങളില്‍ നിന്ന് അല്‍-ക്വൊയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ഫണ്ട് സ്വരൂപിക്കുന്നു എന്ന യു എന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭികരരുടെ പേര് വിവരം സംബന്ധിക്കുന്ന ഒരു പട്ടികയും ബാങ്കിന്റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികയിലെ പേരുമായി സാമ്യമുള്ളവര്‍ അക്കൌണ്ട് തുറക്കാന്‍ സമീപിക്കുകയാണെങ്കില്‍ അവരെ കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങള്‍ വരെ അറിയണമെന്ന് റിസര്‍വ് ബാങ്ക് നവംബര്‍ 11 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. എല്ലാ അക്കൌണ്ടുകളും വിനിമയങ്ങളും ഇത്തരത്തില്‍ നിരീക്ഷിക്കാനും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നു.
ഫൈസല്‍ ബാഗ്‌നാമി, ജമാല്‍ ഹുസൈനി, നാസിം റംസാനി ഷഹര്‍കി തുടങ്ങിയ നാല് പുതിയ പേരുകളാണ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ഭീകരരുടേത് എന്ന് കരുതുന്ന 23 പേരുകള്‍ യുഎന്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.