മാവോയിസ്റ്റുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൈലറ്റില്ലാ വിമാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിമതര്‍ക്കെതിരെയുള്ള സുരക്ഷാ സൈനികരുടെ നീക്കത്തിന് കൂടുതല്‍ കൃത്യത നല്‍കാനാണ് ഈ നടപടി.
ആദ്യമായിട്ടാണ് പൈലറ്റില്ലാ വിമാനങ്ങള്‍ നക്സല്‍ വിരുദ്ധ യുദ്ധത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് വികസിപ്പിച്ച ഇത്തരം പൈലറ്റില്ലാ വിമാനങ്ങള്‍ (യുഎവി അഥവ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ഡല്‍ഹിയിലും ഹിസ്സാറിലും ഇതിനോടകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഇനി ഝാര്‍ഖണ്ഡിലെയും ഛത്തീസ്ഗഡിലെയും വനമേഖലകളില്‍ പരീക്ഷിക്കും.
ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ള ഇത്തരം ചെറു വിമാനങ്ങളില്‍ ഡാറ്റ ലൈനും വീഡിയോ ലൈനും പ്രത്യേകമുണ്ടായിരിക്കും. ഇവ ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറും. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒറീസ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും സംവിധാനം പ്രയോജനപ്പെടുത്തുക.
വനമേഖലകളിലെ വിമത താവളങ്ങളും വിമതരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ് പുതിയ സംവിധാനം മാവോ വിരുദ്ധ യുദ്ധത്തില്‍ ഉള്‍പ്പെടുത്തുന്നത്.