മുംബൈ ഭീകരാക്രമണം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഹെഡ്‌ലി യുഎസ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും ഹെഡ്‌ലിയുടെ ഇന്ത്യാ ബന്ധത്തെക്കുറിച്ച് അന്വേഷണം തുടരുന്ന അവസരത്തിലാണ് ഇക്കാര്യം വെളിവായിരിക്കുന്നത്.
26/11 ആക്രമണം നടക്കുന്നതിന് ഒരു മാസം മുമ്പ് മുതല്‍ അമേരിക്കന്‍ ഏജന്‍സികള്‍ ഹെഡ്‌ലിയെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വഴി ഫിലാഡല്‍ഫിയയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ഒക്ടോബര്‍ മൂന്നിന് ചിക്കാഗോ വിമാനത്താവളത്തില്‍ വച്ചാണ് ഹെഡ്‌ലിയെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്.
എന്നാല്‍, ഇതുവരെയായും എഫ്ബിഐ ഹെഡ്‌ലിയെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്ന രീതിയിലുള്ള തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. അതേസമയം, നവംബര്‍ 20 ന് ഇന്ത്യയിലെത്തുന്ന സിഐഎ തലവന്‍ ലിയോണ്‍ പനേറ്റ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുമെന്നും സൂചനയുണ്ട്.
ഹെഡ്‌ലിക്കൊപ്പം പിടിയിലായ കനേഡിയന്‍ പൌരത്വമുള്ള പാക് വംശജന്‍, തഹാവുര്‍ ഹുസൈന്‍ റാണയെ 26/11 ആക്രമണത്തിനു ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണ വലയത്തിലാക്കിയത് എന്നാണ് സൂചന. ഇമിഗ്രേഷന്‍ വിവരങ്ങള്‍ അനുസരിച്ച് റാണ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് മൂന്നാഴ്ചയോളം ഇന്ത്യയില്‍ താമസിച്ചിരുന്നു എന്നും ആക്രമണത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ വിട്ടതെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ മൂന്നാഴ്ച കൊണ്ട് അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.