ബിജെപിയുടെ സംഘടനാ സംവിധാനം പുനസ്ഥാപിക്കാന്‍ കഴിവുള്ള ഒരു യുവാവിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും ഭാഗവത് പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വയംസേവകര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ ഉള്ളപ്പോള്‍ മാത്രമാണ് ബിജെപിക്ക് ഉപദേശം നല്‍കുക. ബിജെപിയുടെ അധ്യക്ഷന്‍ ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള ആളായിരിക്കും എന്ന് ഭാഗവത് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബിജെപിയുടെ 'വീക്ഷണമായിരുന്നു അതെന്ന്' ഭാഗവത് വെളിപ്പെടുത്തി.
മഹാരാഷ്ട്രയില്‍ നിന്നുള്ള നിതി ഗദ്കാരി ആയിരിക്കുമോ പുതിയ ബിജെപി അധ്യക്ഷന്‍ എന്ന ചോദ്യത്തിനോട്, ‘അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല’ എന്ന മറുപടിയാണ് ആര്‍എസ്‌എസ് തലവന്‍ നല്‍കിയത്. ഇപ്പോള്‍ മൂന്നോ നാലോ പേരുകള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. പുതിയ നേതാവിനെ കുറിച്ചുള്ള അഭിപ്രായം ആര്‍എസ്‌എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നേതാവിനെ തീരുമാനിച്ച ശേഷം അറിയിച്ചാലും ആര്‍എസ്‌എസ് അത് അംഗീകരിക്കും, പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൈകടത്തില്ല എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് ഭാഗവത് പറഞ്ഞു.
അദ്വാനി സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ആര്‍എസ്‌എസ് അന്ത്യശാസനമൊന്നും നല്‍കിയിട്ടില്ല എന്നും അദ്ദേഹം ഫെബ്രുവരിയില്‍ വിരമിക്കണമെന്ന് ആവശ്യപ്പെട്ടതായി സംഘടനാ വക്താവ് രാം മാധവിന്റെ പേരില്‍ വന്ന റിപ്പോര്‍ട്ട് അദ്ദേഹം നിഷേധിച്ചിട്ടുണ്ട് എന്നും ഭാഗവത് പറഞ്ഞു.