ടെലിവിഷന്‍ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തില്‍ കാണുന്ന ആളല്ല രാഹുല്‍ ഭട്ടിന്റെ കൂട്ടുകാരന്‍ ഹെഡ്‌ലി എന്ന് സഹോദരി പൂജാഭട്ട്. ടെലിവിഷന്‍ വാര്‍ത്തകളില്‍ കാണിക്കുന്ന ചിത്രത്തിലുള്ളയാളല്ല തങ്ങളുടെ വീട് സന്ദര്‍ശിച്ച രാഹുലിന്റെ കൂട്ടുകാരനെന്ന് മാതാവ് പറഞ്ഞതായാണ് പൂജാ ഭട്ടിന്റെ വെളിപ്പെടുത്തല്‍.
ചിത്രവും ആളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ട് എന്ന് പൂജാഭട്ട് പറഞ്ഞു. രാഹുലും ഹെഡ്‌ലിയും തമ്മില്‍ ജിമ്മില്‍ വച്ചല്ല കണ്ടുമുട്ടിയത് എന്നും ബാന്ദ്രയിലെ ഒരു കോഫീഷോപ്പില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും രാഹുലിന്റെ സഹോദരിയും സംവിധായകയുമായ പൂജ വെളിപ്പെടുത്തി. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തയാള്‍ എന്ന രീതിയിലാണ് അയാള്‍ രാഹുലുമായി പരിചയം സ്ഥാപിച്ചതെന്നും രാഹുലിന്റെ സഹോദരി വെളിപ്പെടുത്തുന്നു.
രാഹുല്‍ ഹെഡ്‌ലിയെ ഒരു ബ്രോക്കറുമായി പരിചയപ്പെടുത്തി എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പൂജാ ഭട്ട് പറഞ്ഞു.
രാഹുല്‍ ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വമേധയാ പൊലീസിനു നല്‍കിയതാണെന്ന് പിതാവ് മഹേഷ് ഭട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യപ്പെടുമ്പോള്‍ രാഹുല്‍ ഹാജരാവുമെന്നും മഹേഷ് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.