ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാനാവില്ല എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്. അത്തരത്തിലുള്ള ഉറപ്പ് നല്‍കുന്നത് നിരുത്തരവാദിത്വപരമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തുന്നവരോട് ഓസ്ട്രേലിയ സഹിഷ്ണുത പുലര്‍ത്തില്ല എന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റൂഡ് പറഞ്ഞു. ഓസ്ട്രേലിയയില്‍ അഞ്ച് ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്ളതിനാലാണ് അവര്‍ക്കെതിരെ ഇനി ആക്രമണം ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് നല്‍കുന്നത് നിരുത്തരവാദിത്വപരമായിരിക്കും എന്ന് അഭിപ്രായപ്പെട്ടത് എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
അക്രമികള്‍ക്കെതിരെ ഓസ്ട്രേലിയ കടുത്ത നടപടി സ്വീകരിക്കും. എന്നാല്‍, ഓസ്ട്രേലിയയില്‍ വംശീയ അതിക്രമം വര്‍ദ്ധിക്കുന്നു എന്ന ആരോപണം റൂഡ് നിഷേധിച്ചു. രാജ്യത്ത് 300 ഭാഷ സംസാരിക്കുന്ന രാഷ്ട്രമാണ് ഓസ്ട്രേലിയ എന്നും അവിടെ താമസിക്കുന്ന 43 ശതമാനം ആളുകളും വിദേശത്ത് ജനിച്ചവരോ അല്ലെങ്കില്‍ വിദേശത്ത് ജനിച്ച മാതാപിതാക്കള്‍ ഉള്ളവരോ ആണെന്ന് റൂഡ് ചൂണ്ടിക്കാട്ടി, മൂന്ന് ദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അവസാനം നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയില്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ വളരെ കുറവാണെന്നും റൂഡ് പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ഓസ്ട്രേലിയ ആത്മാര്‍ത്ഥമായി ശ്രമിക്കും. രാജ്യത്ത് കഴിയുന്ന 250,000 ഇന്ത്യന്‍ വംശജര്‍ വിവിധ മേഖലകളില്‍ നടത്തുന്ന സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും റൂഡ് കൂട്ടിച്ചേര്‍ത്തു.