ബാംഗ്ലൂര്‍, തിങ്കള്‍, 9 നവംബര്‍ 2009( 17:10 IST )
കര്‍ണാടകയിലെ വിമത പ്രതിസന്ധി തീര്‍ന്നതിന് തൊട്ടടുത്ത ദിവസം വിമതരുടെ കണ്ണിലെ കരടായിരുന്ന പഞ്ചായത്ത് രാജ്, ഗ്രാമവികസനമന്ത്രി ശോഭ കരന്ദലജെ രാജിവച്ചു. യദ്യൂരപ്പയുടെ അടുത്ത അനുയായിയാണ് രാജിവച്ച വനിതാ മന്ത്രി.
ബെല്ലാരി സഹോദരന്മാര്‍ എന്നറിയപ്പെടുന്ന മന്ത്രിമാരായ കരുണാകര റെഡ്ഡിയും ജനാര്‍ദ്ദന റെഡ്ഡിയും ശോഭയെ മന്ത്രിസ്ഥാനത്ത് നീക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിപി ബാലിഗറെ മാറ്റാമെന്നും വിമതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ബെല്ലാരിയില്‍ ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റിയതിലും മറ്റും മന്ത്രിയുടെ താല്പര്യങ്ങളായിരുന്നു എന്നാണ് വിമതര്‍ ആരോപിക്കുന്നത്.
എന്നാല്‍, മന്ത്രിമാരെ ഒഴിവാക്കേണ്ട സാഹചര്യമില്ല എന്നായിരുന്നു തിങ്കളാഴ്ച രാവിലെ യദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുകയായിരുന്ന ഭരണ പ്രതിസന്ധിക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരമായത്. യദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരാനും ഭരണം ഒരു മേല്‍നോട്ടസമിതി വിലയിരുത്താനും വിമത നേതാക്കളുമായി ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പ് ഫോര്‍മുലയെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.