കര്‍ണാടക മുഖ്യന്‍ യദ്യൂരപ്പ വിതുമ്പി, പിന്നെ, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി ശ്രദ്ധതിരിച്ചതിന് വിമതരെ പഴിപറഞ്ഞു. കന്നഡ ചാനല്‍ സുവര്‍ണയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് യദ്യൂരപ്പയ്ക്ക് നിയന്ത്രണം നഷ്ടമായതും വിതുമ്പിപ്പോയതും.
വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുന്നവരോട് ഞാന്‍ മാപ്പുചോദിക്കുന്നു. അവര്‍ ഇത്രയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടി പ്രശ്നം പരിഹരിക്കാനായി ഞങ്ങള്‍ സമയം പാഴാക്കരുതായിരുന്നു, കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയാഞ്ഞതിനെ കുറിച്ച് കര്‍ണാടക മുഖ്യന്‍ പറഞ്ഞു.
താന്‍ വിശ്വസിച്ചവര്‍ തന്നെ പിന്തുണച്ചില്ല എന്ന് റെഡ്ഡി സഹോദരന്‍മാരുടെ നേതൃത്വത്തിലുള്ള വിമത സംഘത്തെ ലക്‍ഷ്യമിട്ട് യദ്യൂരപ്പ പറഞ്ഞു. താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതായിരുന്നു എന്നും അത്തരത്തില്‍ സംഭവിച്ചതിന് ദൈവം തന്നോട് പൊറുക്കട്ടെ എന്നും യദ്യൂരപ്പ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കര്‍ണാടകയിലെ വിമത പ്രശ്നം അവസാനിച്ചു എന്നും താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും യദ്യൂരപ്പ ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. എന്നാല്‍, യദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാതെ ഒത്തുതീര്‍പ്പ് ഉണ്ടാവില്ല എന്ന നിലപാടിലാണ് റഡ്ഡി സഹോദരന്‍മാര്‍.