രാജ്യത്തെ എല്ലാ റയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തലവന്‍മാരെയും പദവിയില്‍ നിന്ന് നീക്കിക്കൊണ്ട് റയില്‍വെ മന്ത്രി മമത ബാനര്‍ജി ഉത്തരവിറക്കി. ബോര്‍ഡിനെതിരെ ഉയരുന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നടപടി.
രാജ്യത്തെ 20 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ബി കേന്ദ്രങ്ങളെല്ലാം തന്നെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിവാദത്തില്‍പ്പെട്ട സമയത്താണ് മമത ശക്തമായ നടപടിയുമായി രംഗത്ത് എത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആര്‍ആര്‍ബിയുടെ വിശ്വാസ്യത നഷ്ടമാക്കിയിരുന്ന സമയമായിരുന്നു ഇത്.
ഇപ്പോള്‍ പുറത്തുപോവുന്ന ആര്‍ആര്‍ബി ചെയര്‍മാന്‍മാരില്‍ മിക്കവരെയും മുന്‍ മന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്ത് നിയമിച്ചതാണ്. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ നിയമിക്കപ്പെടുന്ന മുതിര്‍ന്ന റയില്‍വെ ഉദ്യോഗസ്ഥരാണ് ബോര്‍ഡിന്റെ തലപ്പത്ത് എത്തുന്നത്.
പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുക, പ്രാദേശികമായ പ്രതിനിധാനം ഉറപ്പുവരുത്തുക, രാജ്യത്ത് എല്ലായിടത്തും ഒരേ ദിവസം പരീക്ഷ നടത്തുക തുടങ്ങിയ രീതിയിലൂടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന രീതിയില്‍ സമൂലമായ മാറ്റം വരുത്തുകയാണ് മമതയുടെ ലക്‍ഷ്യം. പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്കും സാമ്പത്തികമായി പിന്നോക്കം നിക്കുന്നവര്‍ക്കും അപേക്ഷയോടൊപ്പം പോസ്റ്റല്‍ ഓര്‍ഡര്‍ അയയ്ക്കണം എന്ന നിബന്ധന എടുത്തുകളയാനും മമത ആലോചിക്കുന്നുണ്ട് എന്ന് റയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.