കര്‍ണാടക ബിജെപി ഘടകത്തിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല എന്ന് വിമത നേതാവും ടൂറിസം മന്ത്രിയുമായ ജനാര്‍ദ്ദന്‍ റെഡ്ഡി. പ്രശ്നങ്ങള്‍ അവസാനിച്ചു എന്നും താന്‍ മുഖ്യമന്ത്രിയായി തുടരും എന്നും യദ്യൂരപ്പ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വിപരീത നിലപാടുമായി വിമത നേതാവും രംഗത്ത് എത്തിയിരിക്കുന്നത്.
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുമെന്നും താന്‍ മുഖ്യമന്ത്രിയായി തുടരും എന്നുമായിരുന്നു യദ്യൂരപ്പ ശനിയാഴ്ച രാവിലെ പ്രസ്താവന നടത്തിയിരുന്നത്. എന്നാല്‍, യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ കുറഞ്ഞ് യാതൊരു നീക്കുപോക്കിനും തയ്യാറല്ല എന്ന് ജനാര്‍ദ്ദന്‍ റെഡ്ഡി ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടെ കര്‍ണാടക പ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര നേതൃത്വത്തിന് ഇനിയും തലപുകയ്ക്ക്കേണ്ടി വരുമെന്ന് ഉറപ്പായി.
പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും താല്‍പര്യം സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ ഉന്നമനത്തിനും വേണ്ടി കേന്ദ്രനേതൃത്വം അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നത് എന്നും യദ്യൂരപ്പയുമായി അഭിപ്രായ സമന്വയം ഉണ്ടായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിമത നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി നേതൃത്വം മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്ന് ജനാര്‍ദ്ദന്‍ റെഡ്ഡി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല എന്നും വിമത നേതാവ് വ്യക്തമാക്കിയിരുന്നു. വിമതരെ അനുനയിപ്പിക്കാനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിപി ബാലിഗറെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.