എന്തെല്ലാം മറന്നാലും ബോളിവുഡിലെ എക്കാലത്തെയും താരം അമിതാഭ് ബച്ചന് നവംബര്‍ 7 എന്ന ദിവസം മറക്കാന്‍ കഴിഞ്ഞേക്കില്ല. കാരണം, ആദ്യമായി തന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്തിയ ദിവസമാണത്.
1969 നവംബര്‍ ഏഴിനാണ് അമിതാഭ് അഭിനയിച്ച ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രം വെള്ളിത്തിരയില്‍ എത്തിയത്. പോര്‍ച്ചുഗീസുകാര്‍ കീഴടക്കിയ ഗോവയിലെ പൊലീസ് സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഒരു ഏഴംഗ സംഘത്തിന്റെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്.
ഏഴംഗ സംഘത്തില്‍ ബീഹാറില്‍ നിന്നെത്തിയ മൃദുല ചിത്തനായ ഒരു കവിയുടെ റോളായിരുന്നു അമിതാഭിന്റേത്. ക്വാജ അഹമ്മദ് അബ്ബാസ് എന്ന പ്രശസ്തനാണ് സാത്ത് ഹിന്ദുസ്ഥാനിയുടെ നിര്‍മ്മാതാവും സംവിധായകനും. അഭിനയ മോഹവുമായി അദ്ദേഹത്തിനയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചതാണ് അമിതാഭിന് സാത്ത് ഹിന്ദുസ്ഥാനിയിലേക്കുള്ള വഴി തുറന്നത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് കമാന്‍ഡോകളെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മലയാളം നടനായ മധു ബംഗാളില്‍ നിന്നുള്ള കമാന്‍ഡോ ആയും ഷഹ്‌നാസ് ഏഴംഗ സംഘത്തിലെ ഏക വനിതാ കമാന്‍ഡോ ആയ മരിയ ആയും വേഷമിട്ടു.