മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും രാജ് താക്കറയ്ക്കൊപ്പം മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനത്തിനിടയായി. ബീഹാറിലെയും യുപിയിലെയും തൊഴിലാളികള്‍ സംസ്ഥാനത്തെ ജോലികള്‍ കൈക്കലാക്കുന്നത് അനുവദിക്കില്ല എന്ന് ചൌഹാന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
മധ്യപ്രദേശിലെ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നതിന് മുന്‍ഗണന നല്‍കണം എന്ന് ഫാക്ടറി ഉടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരായ യുവാക്കള്‍ക്ക് പരിശീലനം നല്‍കാനും അതുവഴി അവര്‍ക്ക് ഫാക്ടറികളില്‍ തൊഴില്‍ ഉറപ്പാക്കണം എന്നും ചൌഹാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ഭരണഘടനാ വിരുദ്ധമായ നടപടിയായി വിമര്‍ശകര്‍ ഇതിനെ കണ്ടപ്പോഴേക്കും ചൌഹാന്‍ ചുവട് മാറ്റുകയും ചെയ്തു.
മധ്യപ്രദേശിലെ യുവാക്കള്‍ക്ക് തൊഴില്‍ സാഹചര്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രസ്താവന നടത്തിയത് എന്നും അത് മറ്റുള്ളവരെ മുറിവേല്‍പ്പിക്കാനായിരുന്നില്ല എന്നും പറഞ്ഞ് ചൌഹാന്‍ തല്‍ക്കാലം വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവായിരിക്കുകയാണ്.