ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട ബോളിവുഡ് നടന്‍ ഷിനെ അഹൂജയ്ക്ക് ഒപ്പം അഭിനയിക്കാന്‍ താല്പര്യമില്ല എന്ന് സോഹ അലിഖാന്‍. ബലാത്സംഗ കേസില്‍ ജയിലിലായിരുന്ന ഷിനെ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്രിതിഷ് നന്ദി കമ്യൂണിക്കേഷന്‍സിന്റെ ‘ഏക് ആക്സിഡന്റ്’ എന്ന ഹൊറര്‍ സിനിമയില്‍ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചിരുന്നത്. എന്നാല്‍, ഷൂട്ടിംഗിനിടെ ഷിനെ കേസില്‍പ്പെട്ട് ജയിലില്‍ ആയതിനാല്‍ ഇരുവരും ഒരുമിച്ചുള്ള ഭാഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിക്കിടക്കുകയായിരുന്നു.
ഇപ്പോള്‍ ഷിനെയ്ക്ക് ജാമ്യം ലഭിച്ചതിനാല്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. സിനിമയുടെ 95 ശതമാനവും പൂര്‍ത്തിയായിരിക്കെ വെറും മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ബാക്കി നില്‍ക്കുമ്പോഴാണ് സോഹയുടെ രൂപത്തില്‍ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
ഷിനെ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നതിനു ശേഷം നടനോടൊപ്പം അഭിനയിക്കാന്‍ താല്പര്യമില്ല എന്ന് സോഹ അറിയിക്കുകയായിരുന്നു.