കര്‍ണാടക പ്രശ്നം ബിജെപിക്ക് ഊരാക്കുടുക്കാവുന്നു. പാര്‍ട്ടി കേന്ദ്ര സമിതി മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ വിമതര്‍ യദ്യൂരപ്പയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.
യദ്യൂരപ്പയെ മാറ്റിക്കൊണ്ട് പ്രശ്ന പരിഹാരം സാധ്യമല്ല എന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിമതര്‍ 52 ബിജെപി എംഎല്‍എമാരുടെ രാജിക്കത്ത് സുഷമസ്വരാജിന് കൈമാറിക്കഴിഞ്ഞു. ഇതോടെ, ഇന്ന് യദ്യൂരപ്പയും വിമത നേതാക്കളായ കരുണാകര റെഡ്ഡിയും ജനാര്‍ദ്ദന്‍ റെഡ്ഡിയും ചേര്‍ന്ന് നടത്തുന്ന മാധ്യമ സമ്മേളനത്തിലൂടെ കര്‍ണാടക പ്രശ്നം പരിഹരിച്ചു എന്ന സന്ദേശം നല്‍കാനിരുന്ന പാര്‍ട്ടി കണക്കുകൂട്ടലുകള്‍ക്ക് ശക്തമായ തിരിച്ചടിയായി
ചിലമന്ത്രിമാരെ മാറ്റിയും ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പ്രശ്നം പരിഹരിക്കാമെന്നായിരുന്നു യദ്യൂരപ്പയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഈ നടപടികളിലൂടെ പ്രശ്നങ്ങള്‍ അവസാനിക്കില്ല എന്നും നേതൃമാറ്റം അനിവാര്യമാണെന്നും ജനാര്‍ദ്ദന്‍ റെഡ്ഡി വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍, പ്രശ്നത്തെ കുറിച്ചുള്ള ഉന്നതതല ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. റെഡ്ഡി സഹോദരന്‍മാരുടെ കൂടുതല്‍ ആവശ്യങ്ങള്‍ പരിഗണിച്ച് ഇന്നു വൈകുന്നേരത്തോടെ പ്രശ്ന പരിഹാരം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.