സിഖ് വിരുദ്ധ കലാപത്തിന് ഇരയായവര്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഖ് പ്രക്ഷോഭകര്‍ വെള്ളിയാഴ്ച ലുധിയാന റയില്‍വെ സ്റ്റേഷനില്‍ അമൃത്സര്‍-ന്യൂഡല്‍ഹി ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞിട്ടു.
വെള്ളിയാഴ്ച രാവിലെ 600 ഓളം യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് തിരിച്ച എക്സ്പ്രസ് ട്രെയിനാണ് ലുധിയാനയില്‍ വച്ച് പ്രക്ഷോഭകര്‍ തടഞ്ഞത്. പൊലീസും റയില്‍വെ ഓഫീസര്‍മാരും സ്ഥലത്തെത്തി. ഉടന്‍ തന്നെ ട്രെയിന്‍ യാത്ര പുനരാരംഭിക്കുമെന്നാണ് സൂചന.
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഇന്ത്യയിലുടനീളം മൂവായിരത്തോളം സിഖുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും കുറ്റക്കാരെ ശിക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നത്.