മെക്രോബ്ലോഗിംഗ് സൈറ്റെന്ന നിലയിലായിരിക്കും ട്വിറ്റര്‍ ആഗോള തലത്തില്‍ പേരെടുത്തിരിക്കുന്നത്. എന്നാല്‍, ഇന്ത്യക്കാര്‍ കൂടുതലും ട്വിറ്ററിനെ ആശ്രയിക്കുന്നത് പുതുമയുള്ള വാര്‍ത്തകള്‍ക്കായാണ് !
ടെക്നോളജി സൈറ്റായ ‘പ്ലഗ്ഡ്’ നടത്തിയ സര്‍വേയിലാണ് ഇന്ത്യക്കാര്‍ വാര്‍ത്തകള്‍ക്കായാണ് ട്വിറ്ററിനെ സമീപിക്കുന്നത് എന്ന കാര്യം വെളിവായത്. അതായത്, 16 ശതമാനം ഇന്ത്യക്കാരും ട്വീറ്റ് ചെയ്യുന്നത് പുതിയ വാര്‍ത്തകള്‍ക്ക് വേണ്ടിയാണത്രേ. 11 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കള്‍ ട്വിറ്ററിനെ സാമൂഹിക വെബ്സൈറ്റ് എന്ന നിലയില്‍ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം ഗവേഷണത്തിനായാണ് സൈറ്റിനെ ഉപയോഗിക്കുന്നത് എന്നും സര്‍വേയില്‍ പറയുന്നു.
2006 ല്‍ ജാക്ക് ഡോര്‍സി അവതരിപ്പിച്ച ട്വിറ്റര്‍ 26/11 ആക്രമണത്തോടെയാണ് ഇന്ത്യയില്‍ പ്രചാരം നേടിയത്. ആക്രമണത്തെ കുറിച്ച് ഓരോ അഞ്ചു മിനിറ്റിലും ഒരു ദൃക്‌സാക്ഷി ട്വീറ്റ് ചെയ്തതാണ് പ്രചാരണത്തിനു കാരണമായത്. ആക്രമണത്തെ കുറിച്ച് നടത്തിയ 80 ട്വീറ്റുകളില്‍ മരിച്ചവരെക്കുറിച്ചും പരുക്ക് പറ്റിയവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ തന്റെ ട്വീറ്റിലൂടെ നടത്തിയ “കന്നുകാലി ക്ലാസ്” പരാമര്‍ശവും ട്വിറ്ററിനെ പ്രചാരണം നേടിക്കൊടുത്തു. മൂന്ന് ലക്ഷം ‘ഫോളോവേഴ്സ്’ ഉള്ള തരൂര്‍ ആണ് ഇന്ത്യയിലെ ‘ട്വിറ്റര്‍ പ്രമുഖന്‍’.