‘വന്ദേമാതരം’ ചൊല്ലുന്നത് ഇസ്ലാമിന് എതിരല്ലെന്ന് മധ്യപ്രദേശിലെ രണ്ട് പ്രമുഖ ഇസ്ലാമിക സംഘടനകള്‍. വന്ദേമാതരം ചൊല്ലുന്നതിനെതിരെ ജാമിയത്-ഇ-ഉലെമ ഹിന്ദ് പ്രമേയം പാസാക്കി രണ്ടു ദിവസത്തിനകമാണ് സംഘടനകള്‍ വന്ദേമാതരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഓള്‍ ഇന്ത്യാ മുസ്ലിം തെഹ്‌വാര്‍ കമ്മിറ്റിയും നാഷണല്‍ സെക്കുലറിസം ഫ്രണ്ട് ഒഫ് ഇന്ത്യയുമാണ് വന്ദേമാതരം ചൊല്ലുന്നത് ഇസ്ലാമിന് എതിരല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശസുരക്ഷയ്ക്കായുള്ള ഒരു പ്രാര്‍ത്ഥനമാത്രമാണ് വന്ദേമാതരമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വന്ദേമാതരം ഒരു ദേവീസ്തുതിയല്ലെന്നും ദേശസുരക്ഷയ്ക്കായുള്ള പ്രാര്‍ത്ഥനയാണെന്നും അതിനാലാണ് സ്വാതന്ത്ര്യ സമരനായകരായ ഒട്ടേറെ മുസ്ലിങ്ങള്‍ വന്ദേമാതരം ആലപിച്ചിട്ടുള്ളതെന്നും ഓള്‍ ഇന്ത്യാ മുസ്ലിം തെഹ്‌വാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഒസാഫ് ഷമീറി ഖുറാം പറഞ്ഞു.
“ജാമിയത്-ഇ-ഉലെമ ഹിന്ദിന്‍റെ തലവനായ മെഹ്‌മൂദ് മദനിയുടെ മുത്തച്ഛന്‍ മൌലാന ഹുസൈന്‍ അഹമ്മദ് മദനിയും അദ്ദേഹത്തിന്‍റെ പിതാവും കോണ്‍ഗ്രസ് എം പിയുമായിരുന്ന ആസാദ് മദനിയും പല സന്ദര്‍ഭങ്ങളിലും വന്ദേമാതരം ആലപിച്ചിട്ടുണ്ട്” - ഖുറാം വ്യക്തമാക്കി. മുസ്ലിമായ എ ആര്‍ റഹ്‌മാന്‍ വന്ദേമാതരം ആലപിച്ചതിനെ മുസ്ലിം പുരോഹിതര്‍ ആരും എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വന്ദേമാതരത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണമെന്ന് നാഷണല്‍ സെക്കുലറിസം ഫ്രണ്ട് ഒഫ് ഇന്ത്യയുടെ പ്രസിഡന്‍റ് ഇര്‍ഷാദ് അലി ഖാന്‍ അഫ്രീദി ആവശ്യപ്പെട്ടു.
വന്ദേമാതര ഗീതത്തിലെ ചില വാക്കുകള്‍ ഇസ്ലാമിനെതിരാണെന്നാണ് ജാമിയത്-ഇ-ഉലെമ ഹിന്ദ് ചൊവ്വാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. ജാമിയത് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം വന്ദേമാതരത്തിനെതിരെ ‘ഫത്‌വ’ പുറപ്പെടുവിക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. ഈ വിഭാഗത്തിനെ തൃപ്തിപ്പെടുത്താനായാണ് വന്ദേമാതരത്തിനെതിരെയുള്ള പ്രമേയം പാസാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.