കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോയിസ്റ്റുകള്‍. പ്രമുഖ മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയാണ് തങ്ങള്‍ സര്‍ക്കാരുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനായി ചില ഉപാധികളും കിഷന്‍ജി മുന്നോട്ടുവച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്ന് അര്‍ദ്ധ സൈനിക വിഭാഗങ്ങളെ പിന്‍വലിക്കണമെന്നും ആദിവാസികളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്നുമാണ് മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന ആവശ്യം.
ആന്ധ്ര, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നക്സല്‍ ബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളെ പിന്‍വലിക്കണമെന്നാണ് കിഷന്‍ജി ഫോണിലൂടെ ആവശ്യപ്പെട്ടത്.
“ഇന്ത്യ സ്വതന്ത്രയായതു മുതല്‍ അനുഭവിക്കുന്ന ത്യാഗങ്ങളുടെയും പീഡനങ്ങളുടെയും പേരില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആദിവാസികളോട് മാപ്പുപറയാന്‍ തയ്യാറാകണം” - കിഷന്‍ജി ആവശ്യപ്പെട്ടു.