എച്ച്1 എന്‍1 പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സുഖം പ്രാപിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മോഡി ഓഫീസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍, മോഡിയുടെ അസുഖം ഭേദമായ ഉടന്‍ തന്നെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പന്നിപ്പനിയുടെ പിടിയിലായി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രവി സക്സേന ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് എച്ച്1 എന്‍1 പനി ബാധിച്ചിരിക്കുന്നത്. രവി സക്സേന ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്.
രവി സക്സേനയുമായി അടുത്ത് ഇടപഴകിയിരുന്ന ആരോഗ്യവകുപ്പ് കമ്മീഷണര്‍ മുകേഷ് പുരിക്ക് എച്ച്1 എന്‍1 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹവും നിരീക്ഷണത്തിലാണ്. 11 ഉന്നത ഉദ്യോഗസ്ഥരാണ് വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടുത്തിടെ നടത്തിയ റഷ്യാ സന്ദര്‍ശനത്തിനിടെയാണ് എച്ച്1 എന്‍1 വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. ചീഫ് സെക്രട്ടറി ഡി രാജഗോപാലന്‍, ഊര്‍ജ്ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ജഗദീശന്‍ എന്നിവര്‍ രോഗം ഭേദമായി ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. പന്നിപ്പനി ബാധിച്ച് 40 പേരാണ് ഗുജറാത്തില്‍ മരിച്ചത്.